കേരളത്തിൻെറ കാലാവസ്ഥ വിശദമായി പഠിക്കാം.

 

കെപ്പന്റെ കാലാവസ്ഥ വർഗീകരണത്തിൽപ്പെടുന്നതാണ് കേരളം.

Am (ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥ) ആണ് കേരളത്തിന്റെ കാലാവസ്ഥയെ സൂചിപ്പിക്കുന്ന അക്ഷരങ്ങൾ .

കേരളത്തിന്റെ കാലാവസ്ഥയെ നാലായി തിരിക്കാം.

1. ശൈത്യകാലം (ഡിസംബർ,ജനുവരി, ഫെബ്രുവരി).

2.ഉഷ്ണകാലം(മാർച്ച്,ഏപ്രിൽ,മെയ്).

3.തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലം (ജൂൺ,ജൂലൈ,ഓഗസ്റ്റ്,സെപ്റ്റംബർ).

4.വടക്ക് കിഴക്കൻ മൺസൂൺ കാലം(ഒക്ടോബർ,നവംബർ).

1. ശൈത്യകാലം-Winter(ഡിസംബർ,ജനുവരി ,ഫെബ്രുവരി). 

ഡിസംബർ,ജനുവരി,ഫെബ്രുവരി മാസങ്ങളിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത്. എന്നാൽ ഭൂമധ്യരേഖയോട് അടുത്തുള്ള സ്ഥാനവും അതുപോലെ സമുദ്ര സാമിപ്യവും മൂലം അതിശൈത്യം കേരളത്തിൽ ഉണ്ടാകുന്നില്ല.

ശൈത്യകാലത്ത് കേരളത്തിൽ കരക്കാറ്റ് വീശുന്നതിനാൽ മഴ ഏറ്റവും കുറയുന്നു.  എന്നാൽ സമുദ്രതീരത്ത് കൂടി നീളത്തിൽ സ്ഥിതിചെയ്യുന്ന ഭൂപ്രകൃതിയായതിനാൽ ഈ സമയം ഒറ്റപ്പെട്ട മഴ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ലഭിക്കാറുണ്ട്. 

സൂര്യന്റെ അയനം മൂലം ഈ കാലയളവിൽ സൂര്യൻ കേരളത്തിൽ നിന്ന് ഏറ്റവും അകന്നു നിൽക്കുന്ന സമയമാണ് അതുകൊണ്ട്  ഈ കാലത്ത് സൂര്യപ്രകാശത്തിൽ കുറച്ച് മിതത്വം ഉണ്ടാകും. കേരളത്തിൽ ഏറ്റവും പകൽ കുറയുന്ന ദിവസം ഡിസംബർ  22 ആണ്  ഏകദേശം 11 മണിക്കൂറുകൾ ആയിരിക്കും ഈ സമയത്ത് കേരളത്തിന്റെ പകൽ ദൈർഘ്യം.

2. ഉഷ്ണകാലം-Summer (മാർച്ച്,ഏപ്രിൽ,മെയ്)

സൂര്യന്റെ അയനം മൂലം സൂര്യൻ കേരളത്തിന് മുകളിലേക്ക് വരുന്ന കാലമാണ് ഇത്. കേരളീയരുടെ തലയ്ക്കു മുകളിലൂടെ ആയിരിക്കും ഈ കാലയളവിൽ സൂര്യൻ കിഴക്ക് ഉദിച്ച് പടിഞ്ഞാറേക്ക് സഞ്ചരിക്കുന്നത്. അതുകൊണ്ട് ഈ കാലയളവിൽ കേരളത്തിൽ ലംബ സൂര്യരശ്മികൾ പതിക്കുകയും ഉയർന്ന ചൂട് ഉണ്ടാകുകയും ചെയ്യും.ഈ കാലയളവിൽ സൂര്യാഘാതം ഉണ്ടാകാനും കാരണമുണ്ട്. 

സൂര്യൻ കേരളീയർക്ക് മുകളിൽ എത്തുന്ന ഏപ്രിൽ 14 or 15 ( മേടം 1 or 2 ) ആയിരിക്കും കേരളത്തിലെ വിഷു. കേരളത്തിന്  മുകളിലൂടെ ഈ സമയം സൂര്യൻ കടന്നു പോകുമ്പോൾ ഈ കാലയളവിൽ കേരളത്തിൽ പകൽ കൂടുതലായിരിക്കും. കേരളത്തിൽ ഏറ്റവും പകൽ കൂടുതലായി വരുന്ന ദിവസം ഏപ്രിൽ 14 അതായത് മേടം ഒന്ന് ആയിരിക്കും. ഈ കാലയളവിൽ പാലക്കാട് ചുരത്തിലൂടെയും ആര്യങ്കാവ് ചുരത്തിലൂടെയും 'ലൂ' എന്ന ഉഷ്ണക്കാറ്റ് കേരളത്തിലേക്ക് കടന്നു വരുന്നതുമൂലം പാലക്കാട് ചിറ്റൂരും  പുനലൂരും ഉയർന്ന ചൂട് അനുഭവപ്പെടും.

വേനൽ മഴ ( മാംഗോഷവർ)

ഈ കാലയളവിൽ കേരളത്തിലെ വർദ്ധിച്ച ചൂടു മൂലം കേരളത്തിനു മുകളിൽ ഒരു ലഘുമര്‍ദ്ദം (Low Pressure) രൂപം കൊള്ളും. തന്മൂലം സമീപത്തുള്ള കടലിൽ നിന്ന് തണുത്ത വായു കരയിലേക്ക് തള്ളിക്കയറും കടലിൽ നിന്ന് എത്തുന്നതിനാൽ ഈ വായുവിൽ ധാരാളം നീരാവി ഉണ്ടാകും തന്മൂലം കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ ഉണ്ടാകും. ഈ കാലയളവിൽ കേരളത്തിൽ മാങ്ങയുടെ കാലം ആയതിനാൽ ഈ മഴയോടൊപ്പം ഉണ്ടാകുന്ന കാറ്റിൽ മാമ്പഴം പൊഴിഞ്ഞു വീഴുന്നതിനാൽ മാമ്പഴ മഴ or മാംഗോഷവർ എന്ന് ഈ മഴയെ വിളിക്കും.ഈ മഴയോടൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടാകും. ഇത്  അനുഭവപ്പെടുന്നത് ഉച്ചയ്ക്ക് ശേഷം ആയിരിക്കും. കേരളത്തിന് ഒരു വർഷം ലഭിക്കുന്ന ശരാശരി മഴയായ 300 cm നിന്ന് 40 cm  ഈ വേനൽ മഴയുടെ സംഭാവനയാണ്.

3.തെക്കുപടിഞ്ഞാറൻ മൺസൂൺ കാലം -South West Monsoon(ജൂൺ ജൂലൈ ഓഗസ്റ്റ് സെപ്റ്റംബർ).

കേരളത്തിൽ ശക്തമായ മഴക്കാലമാണിത് തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്തെ "കാലവർഷം"എന്നും "വർഷകാലം" എന്നും "ഇടവപ്പാതി" എന്നും വിളിക്കാറുണ്ട്.

ഈ കാലയളവിൽ തെക്കുപടിഞ്ഞാറ് ദിശയിൽ നിന്നായിരിക്കും കേരളത്തിൽ കാറ്റ് വീശുന്നത്.

കേരളത്തിന്റെ തെക്കു പടിഞ്ഞാറ് ഭാഗം  ഇന്ത്യൻ മഹാസമുദ്രമാണ്. അതായത് ഇന്ത്യൻ മഹാസമുദ്രത്തിൽ നിർത്തുന്ന മഴമേഘങ്ങളാണ് ഈ കാലയളവിൽ കേരളത്തിൽ മഴ നൽകുന്നത്.

തെക്ക് പടിഞ്ഞാറൻ മൺസൂണിന് രണ്ട് ശാഖകളുണ്ട് അതിലെ അറബിക്കടൽ ശാഖയാണ് കേരളത്തിന് മഴ നൽകുന്നത്. കേരളത്തിന്റെ കിഴക്കുവശത്തു കൂടി കടന്നു പോകുന്ന പശ്ചിമഘട്ടം ഈ മഴക്കാറുകളെ തടഞ്ഞുനിർത്തി മഴ പെയ്യിക്കുന്നു. അതിനാൽ കേരളത്തിൽ പെയ്യുന്ന മഴ ശൈലവൃഷ്ടിയാണ് കേരളത്തിൽ ഉൽഭവിക്കുന്ന 44 നദികൾക്കും അവയുടെ മറ്റു  പോഷക നദികൾക്കും വെള്ളം ലഭിക്കുന്നത് ഈ മഴക്കാലത്താണ്.

പശ്ചിമഘട്ടത്തിന്റെ സ്ഥാനം മൂലമാണ് തെക്ക് പടിഞ്ഞാറൻ മൺസൂണിന്റെ അറബിക്കടൽ ശാഖയിൽ നിന്ന് ശക്തമായ മഴ ലഭിക്കുന്നത് 

പശ്ചിമഘട്ടത്തിലെ കിഴക്ക്  തമിഴ്നാട്, കർണാടക ഭാഗം മഴനിഴൽ പ്രദേശമായി മാറ്റപ്പെട്ടു പോയത് തെക്കുപടിഞ്ഞാറൻ മൺസൂണിനെ പശ്ചിമഘട്ടം തടയുന്നതുകൊണ്ടാണ്.

തെക്കുപടിഞ്ഞാറൻ മൺസൂൺ ഇന്ത്യ വൻകരയിൽ ആദ്യമായി സ്പർശിക്കുന്നത് തിരുവനന്തപുരത്താണ്. ജൂൺ മാസം ഒന്നാം തീയതിയാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ ഇന്ത്യ വൻകരയെ സ്പർശിക്കുന്നത്. തെക്ക് പടിഞ്ഞാറൻ മൺസൂണിൽ നിന്ന് കേരളത്തിന് ഒരു വർഷം ലഭിക്കുന്ന ശരാശരി മഴ 200 cm ആണ് . ഈ കാലയളവിൽ കേരളത്തിൽ കൂടുതൽ മഴ ലഭിക്കുന്ന  ഓഗസ്റ്റ് മാസത്തിലാണ്. കേരളത്തിൽ തെക്കുനിന്ന് വടക്കോട്ട് പോകുന്തോറും ശരാശരി മഴയുടെ അളവ് കൂടി വരുന്നു. കേരളത്തിൽ മഴ ഏറ്റവും കുറവ് ലഭിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ് എന്നാൽ മഴ ഏറ്റവും കൂടുതൽ ലഭിക്കുന്നത് ഓരോ വർഷത്തെയും  പ്രത്യേകതൾ മൂലം ജില്ലകൾ മാറി വരാൻ സാധ്യതയുണ്ട്.

വയനാട് ചുരത്തിന്റെ പ്രവേശനത്തിലുള്ള ലക്കിടി ഉയർന്ന മഴ ലഭിക്കുന്ന പ്രദേശമായിരുന്നു. അതുകൊണ്ട് ഈ പ്രദേശത്തെ കേരളത്തിലെ ചിറാപുഞ്ചി എന്ന് വിശേഷിപ്പിക്കാറുണ്ട്. പുതിയ കണക്കുകൾ പ്രകാരം മഴ കൂടുതൽ കിട്ടുന്നത് എറണാകുളം ജില്ലയുടെ കിഴക്ക് ഭാഗമായ നേര്യമംഗലത്താണ്. 

ഈ ഭാഗത്തെ മലമടക്കുകളുടെ പ്രത്യേകതകൾ മൂലം അവിടേക്ക് പ്രവേശിക്കുന്ന മഴക്കാറുകൾ അവിടെത്തന്നെ നിന്ന് പെയ്യുന്നു. തന്മൂലം ആ ഭാഗത്ത് കൂടുതൽ മഴ കിട്ടുന്നു.

4. വടക്ക് കിഴക്കൻ മൺസൂൺ-North East Monsoon(ഒക്ടോബർ നവംബർ)

സെപ്റ്റംബർ മാസത്തോടുകൂടി തെക്ക് പടിഞ്ഞാറൻ മൺസൂൺ അവസാനിക്കു ബോൾ കേരളത്തിൽ വടക്ക് കിഴക്കൻ മൺസൂൺ(North East Monsoon)സജീവമാകും. അതായത് ഈ കാലയളവിൽ വടക്ക് കിഴക്ക് ഭാഗത്തുനിന്ന് ആയിരിക്കും കേരളത്തിൽ കാറ്റ് വീശുന്നത്. വടക്ക് കിഴക്കൻ മൺസൂണിനെ "തുലാവർഷം" എന്ന് വിളിക്കും.

അല്ലെങ്കിൽ "മൺസൂണിന്റെ പിൻവാങ്ങൽ" (Retreat of Monsoon) എന്നും വിളിക്കാറുണ്ട്. അതായത് തെക്കുപടിഞ്ഞാറൻ മൺസൂൺ പോയ ആ ദിക്കിൽ നിന്ന് തന്നെയാണ് വടക്ക് കിഴക്കൻ മൺസൂൺ തിരിച്ചുവരുന്നത് എന്നതിനാലാണ് ആ പേര് വിശേഷിപ്പിക്കുന്നത്.

 കേരളത്തിൽ അനുഭവപ്പെടുന്ന വടക്ക് കിഴക്കൻ മൺസൂൺ ബംഗാൾ ഉൾക്കടലിൽ നിന്നും തമിഴ്നാടിന്റെ മുകൾ ഭാഗത്തുകൂടിയാണ് പശ്ചിമഘട്ടം കടന്നു കേരളത്തിലേക്ക് വരുന്നത്.

തെക്കുപടിഞ്ഞാറൻ മൺസൂണിനെ പശ്ചിമഘട്ടം തടഞ്ഞുനിർത്തി എങ്കിൽ വടക്ക് കിഴക്കൻ മൺസൂൺ കുറെക്കൂടി ഉയർന്ന തലത്തിൽ പശ്ചിമഘട്ടത്തിന് മുകളിലൂടെ കേരളത്തിലേക്ക് കടന്നുവരുന്നു. വടക്കൻ കേരളത്തെ അപേക്ഷിച്ച് തെക്കൻ കേരളത്തിലാണ് തുലാവർഷം സജീവമാകുന്നത്.

✓ കേരളത്തിൽ മഴ കുറവനുഭവപ്പെടുന്ന പ്രദേശം ഇടുക്കി ജില്ലയിലെ ചിന്നാർ.

✓ കേരളത്തിലെ മരുഭൂമി എന്ന് ചിന്നാറിനെ വിളിക്കും.

✓ ചിന്നാർ ഒരു മഴനിഴൽ പ്രദേശമാണ്.

✓ കേരളത്തിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം തിരുവനന്തപുരത്താണ് .

✓ കേരളത്തിലെ Humidity 80% മുകളിലാണ്.

✓ കേരളത്തിലെ അന്തരീക്ഷമർദം 1000hPa (1000 mb)ന് മുകളിലാണ്.

✓ അയനം അനുവരിച്ചുള്ള കേരളത്തിലെ കാലങ്ങൾ

വസന്തകാലം - മാർച്ച്

ഗ്രീഷ്മകാലം - മെയ്

വർഷകാലം - ജൂലൈ

ശരത്കാലം - സെപ്റ്റംബർ

ഹേമന്തകാലം - നവംബർ

ശൈത്യകാലം - ജനുവരി

മുകൾ ഭാഗത്തെ നോട്ട് വായിച്ച് താഴെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക.

1 കേരളത്തിൽ പകൽ കൂടുതൽ അനുഭവപ്പെടുന്ന മാസം ഏതാണ് ?

2.തുലാവർഷത്തിന്റെ യഥാർത്ഥ പേര് എന്താണ് ?

3.കേരളത്തിൽ അനുഭവപ്പെടുന്ന തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ശാഖ ഏതാണ് ?

4.കേരളത്തിൽ പകൽ ഏറ്റവും കുറയുന്ന ദിവസം എന്നാണ് ?

5.തുലാവർഷം കേരളത്തിൽ അനുഭവപ്പെടുന്നത് ഏത് കടലിൽ നിന്നാണ് ?

6.കേരളത്തിൽ ഏറ്റവും കൂടുതൽ അന്തരീക്ഷ മർദ്ദം അനുഭവപ്പെടുന്നത് എവിടെയാണ് ?

7.കേരളത്തിൽ ഒരു വർഷം പെയ്യുന്ന ശരാശരി മഴ എത്ര ?

8.വേനൽ മഴയെ വിളിക്കുന്ന മറ്റൊരു പേര് എന്താണ് ?

9.കേരളത്തിലെ ചിറാപുഞ്ചി ഏതാണ് ?

10.മൺസൂണിന്റെ പിൻവാങ്ങൽ കാലം ഏതു മാസത്തിലാണ് ?

11.കേരളത്തിൽ ശൈത്യകാലം തീവ്രമാകാതിരിക്കാനുള്ള കാരണമെന്ത്?

12.കേരളത്തിൽ  എത്ര മാസമാണ് മൺസൂൺ കാലം ?

13.ഇന്ത്യയിൽ ആദ്യം തെക്ക് പടിഞ്ഞാറൻ മൺസൂൺ അനുഭവപ്പെടുന്നത് കേരളത്തിൽ എവിടെയാണ് ?

14.കേരളത്തിൽ പെയ്യുന്ന മഴ ഏത് തരത്തിലുള്ളതാണ് ?

15.കണ്ണൂർ,കോഴിക്കോട്,മലപ്പുറം,ഇടുക്കിതുലാവർഷം സജീവമാകുന്നത് ഏത് ജില്ലയിലാണ് ?

16.കേരളത്തിൽ ശരത്കാലം അനുഭവപ്പെടുന്നത് എന്നാണ് ?

17. കെപ്പന്റെ കാലാവസ്ഥ വർഗ്ഗീകരണത്തിൽ  കേരളം ഏതിൽ ഉൾപ്പെടുന്നു ?

18. കേരളത്തിൽ വസന്തകാലം എന്നാണ്?

19.കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം ഏത് ?

20.ഇടവപ്പാതിയുടെ യഥാർത്ഥ പേര് എന്താണ് ?

Prepared by Saji kuriakose 


Comments

Popular posts from this blog

ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ സംയോജനം.

തെരഞ്ഞെടുത്ത ചോദ്യങ്ങൾ